2023 ജൂൺ 18ന് നടന്ന മനാറുൽ ഹുദാ സാഹിത്യ സമാജത്തിൽ ഒന്നാം സമ്മാനം നേടിയ കഥ

‘അസ്സലാമു അലൈക്കും റഹീമേ’ അബു പറഞ്ഞു.
‘വഅലൈക്കുമുസ്സലാം’ റഹിം സലാം മടക്കി
‘റഹീമേ, നീ ഇന്ന് എല്ലാ പാഠങ്ങളും പഠിച്ചോ?’ അബു ചോദിച്ചു.
‘ഞാനെല്ലാം പഠിച്ചിട്ടാ വന്നെ’ റഹിം മറുപടി പറഞ്ഞു.

അബു അവന്റെ കൈകൾ കുറച്ച് ദൂരത്തേക്ക് നീട്ടി കൊണ്ട് റഹീമിനോടായി പറഞ്ഞു.
‘ദാ നോക്കൂ.. നമ്മുടെ കൂട്ടുകാർ വരുന്നുണ്ട്. വേ​ഗം വായോ. നമുക്ക് ആദ്യം ക്ലാസ്മുറിയിലെത്തണം’

ഇതും പറഞ്ഞ് തന്റെ കുഞ്ഞി പെങ്ങളായ ഉമ്മുകുൽസുവിന്റെ കൈകൾ അടർത്തി അവൻ ക്ലാസ് ലക്ഷ്യമാക്കി പാഞ്ഞു.

റഹിം ഉമ്മു കുൽസുവിനെ ക്ലാസ്മുറിയിലാക്കി അവൻ തന്റെ ക്ലാസിലേക്ക്, കൂട്ടുകാരോട് സലാം പറഞ്ഞ് പ്രവേശിച്ചു. അവരത് മ‌‌ടക്കുകയും ചെയ്തു. ക്ലാസ് മുറിയിലേക്ക് ഉസ്താദ് ആ​ഗതമായി.

‘അസ്സലാമു അലൈക്കും കുട്ടികളെ’ ഉസ്താദ് പറഞ്ഞു.
‘വഅലൈക്കുമുസ്സലാം’ അവരത് ഒറ്റ ശബ്ദത്തിൽ മടക്കി.

കുട്ടികളോടുള്ള കുശലാന്വേഷണത്തിന് ശേഷം ഉസ്താദ് പാഠമെടുക്കാൻ ആരംഭിച്ചു. ഓരോരുത്തരേയും കൊണ്ട് ഖുർആൻ ഓതിപ്പിച്ചു.

അതിനിടയിലാണ് ഒരു ചോദ്യം അവിടെ തലപൊക്കിയത്. ചോദിച്ചത് വേറെ ആരുമല്ല. ക്ലാസിലെ വായാടി റഹ്മത്ത് ആണ് ആ ചോദ്യം ഉന്നയിച്ചത്.

‘ഉസ്താദേ.. ആരാ ഹാജറബീവി? ബീവി കുറേ ത്യാ​ഗം സഹിച്ചീർന്നോ? എങ്ങനെയാ സംസം വെള്ളം ഉണ്ടായേ..?’

ഇതൊക്കെ കേട്ട് ഉസ്താദ് ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് റഹ്മത്തിനോട് ചോദിച്ചു.
‘ഇപ്പോ എന്താ ഇങ്ങനൊരു സംശയം?’

‘അത് താത്ത പറയുന്നത് കേട്ടതാ’ ചിരിച്ചുകൊണ്ട് അവൾ മറുപടി പറഞ്ഞു.

‘ആയിക്കോട്ടെ. എന്നാ ഇതാ എല്ലാവർക്കുമൊരു ചലഞ്ച്. ആരാണോ ഹാജറാ ബിവിയെപറ്റിയും സംസമിനെ പറ്റിയും അടുത്ത ക്ലാസിൽ നന്നായി അവതരിപ്പിക്കുന്നത്, അവർക്ക് എന്റെ വക ഒരു സമ്മാനം. അല്ലാഹു ബറക്കത്ത് ചെയ്യട്ടെ’.

ഉസ്താദ് എല്ലാവരോടുമായി പറഞ്ഞു. എല്ലാവരും കൂട്ടത്തോടെ ‘ആമീൻ’ പറഞ്ഞു.

ഉസ്താദ് ക്ലാസ് തുടർന്നു…. അങ്ങനെ മൈക്കിൽ സ്വലാത്തെത്തി. ന്റെ ഒച്ച ഉയർന്നു. ‘സ്വലാത്തുല്ലാ…. സലാമുല്ലാ….’ അവരെല്ലാവരും ഏറ്റു ചൊല്ലി. പരസ്പരം സലാം പറഞ്ഞ് വീട്ടിലേക്ക് മടങ്ങി.

വീട്ടിലേക്ക് പോകുന്ന വഴിയിൽ റഹ്മത്ത് ഫാത്തിമയോട് ചോദിച്ചു. ‘നീ എന്താ ഈ ആലോചിക്കുന്നേ?’ (ഫാത്തി ആരാന്ന് പരിചയപ്പെട്ടില്ലല്ലോ? ഓളാണ് ഈ കഥയിലെ നായിക ഫാത്തി എന്ന ഫാത്തിമ)

‘അല്ല, ഉസ്താദ് എന്ത് സമ്മാനമായിരിക്കും തെരാ?’ – ഫാത്തി
‘അത് എനിക്ക് എങ്ങനെയാ അറിയാ.. എന്തായാലും ആ സമ്മാനം എനിക്കുള്ളതാ..’ റഹ്മത്ത് ചെറിയ അഹങ്കാരത്തോടെ പറഞ്ഞു.
ഫാത്തി മറുപടിയായി ഒരു ചിരി നൽകി.

ഫാത്തി വീട്ടിലെത്തി. പതിവിലേറെ തിടുക്കത്തിലാണവൾ. ഉമ്മയോട് സലാം പറഞ്ഞ് നേരെ അടുക്കളയിലെത്തി. ഒരുവിധത്തിൽ ഭക്ഷണം കഴിച്ച് അവസാനിപ്പിച്ചു. ഹാജറാ ബീവിയെ പറ്റി അറിയാനും സമ്മാനം വാങ്ങാനുമുള്ള തിടുക്കമായിരുന്നു അത്. അവൾ നേരെ ഉപ്പാപ്പാന്റെ അടുത്തേക്ക് ഓടി. അവൾക്ക് ഉറപ്പായിരുന്നു ആ സമ്മാനം അവൾക്ക് തന്നെ ലഭിക്കുമെന്ന്. കാരണം, ആ കഥകളെല്ലാം അവളുടെ ഉപ്പാപ്പാക്ക് അറിയുമായിരിക്കും എന്ന് അവൾ ഉറപ്പിച്ചിരുന്നു.

അവൾ ഉപ്പാപ്പാന്റെ മുറിയിലെത്തി.
‘ഉപ്പാപ്പാന്റെ കുട്ടി വന്നോ?’ ഉപ്പാപ്പ അവളോട് ചോദിച്ചു.
അവൾ ഉസ്താത് പറഞ്ഞത് ഉപ്പാപ്പാനോട് പറഞ്ഞു.
‘ഉപ്പാപ്പാ, ഹാജറാ ബീവീന്റെ കഥ അറിയോ?’ – ഫാത്തി
‘അറിയാലോ’ – ഉപ്പാപ്പ.
‘സംസം വെള്ളത്തിന്റേയോ?’ ഫാത്തി വീണ്ടും ചോദിച്ചു.
‘അതും എനിക്ക് അറിയാം’ ചെറു മന്ദഹാസത്തോടെ ഉപ്പാപ്പ പറഞ്ഞു.
‘എന്നാ ഉപ്പാപ്പ വൈകിക്കണ്ട. വേ​ഗം പറഞ്ഞായോ’ – ഫാത്തി പറഞ്ഞു. ഉപ്പാപ്പ കഥ പറയാൻ തുടങ്ങി.

‘ഹാജറ ബീവി! ഹാജറ ബീവി ധാരാളം ത്യാ​ഗം സഹിച്ചിരുന്നു’. ഫാത്തി ഉപ്പാപ്പാനെ തന്നെ ശ്രദ്ധിച്ചിരുന്നു. ഉപ്പാപ്പ കഥതുടർന്നു.

‘ഉദാത്തമായ ഒരു നാ​ഗരി​ഗതയുടെയും അനന്യമായ ഒരു സംസ്കാരത്തിന്റെയും സ്മാരകമാണ് ഒരിക്കലും വറ്റാത്ത അത്ഭുത പ്രവാഹമായ വിശുദ്ധ സംസം എന്ന നീരുറവ. പ്രവാചക ശ്രേഷ്ഠരായ ഇബ്റാഹിം (അ) അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് പുത്രൻ ഇസ്മാഈൽ (അ)നെയും ബീവി ഹാജറ (റ)വിനെയും ജനവാസമില്ലാത്ത മക്കാ തരിശ് ഭൂമിയിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. നൂഹ് നബി (അ)യുടെ കാലത്തുണ്ടായ ജലപ്രവാഹത്തിൽ നാമാവശേഷമായ കഅ്ബ ശരീഫിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് അവിടെയുള്ളത്’.

‘ആ.. എന്നിട്ട്…’ ഫാത്തി ആകാംക്ഷയോടെ ചോദിച്ചു.

‘വെള്ളമോ സസ്യങ്ങളോ ഇല്ലാത്ത ആ വിജനമണ്ണിൽ ഉമ്മക്കും മകനും ഭക്ഷിക്കാനായി ഒരു പാത്രം വെള്ളവും കുറച്ച് കാരക്കയും നൽകി ഇബ്റാഹിം (അ) സ്വദേശത്തേക്ക് മടങ്ങാൻ ഒരുങ്ങി. സഹനശീലയായ ഹാജറ ബീവി (റ) പിന്തുടർന്ന് കൊണ്ട് ചോദിച്ചു, ‘ഈ വിജനമായ മലഞ്ചെരുവിൽ എന്നെയും ഈ കൊച്ചു കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് നിങ്ങൾ പോവുകയാണോ? അല്ലാഹു തആല ഇപ്രകാരമാണോ കൽപ്പിച്ചത്?’ വ്യാകുലചിത്തയായി അവൾ പലവുരു ചോദ്യം ആവർത്തിച്ചു. നിറകണ്ണുകളോടെ ഇബ്റാഹിം (അ) ‘അതെ, അല്ലാഹു തആല അപ്രകാരം കൽപ്പിച്ചിരിക്കുന്നു’ എന്നു മറുപടി നൽകി തിരിച്ചു പോയി. ഹാജറ (റ) പറഞ്ഞു, ‘എങ്കിൽ നിങ്ങൾ പൊയ്ക്കൊള്ളൂ. അല്ലാഹു ഞങ്ങളെ പാഴാക്കുകയില്ല”.

‘അല്ലാഹുവേ.. ഹാജറ ബീവി (റ) എങ്ങനെ അവിടെ കഴിഞ്ഞേ’ – ഫാത്തി അതിശയത്തോടെ ചോദിച്ചു.
ഉപ്പാപ്പ പറഞ്ഞു. ‘അതാണ് മോളെ അവർക്ക് അല്ലാഹുവിലുള്ള വിശ്വാസം’.
ഉപ്പാപ്പ കഥ തുടർന്നു.

‘അവർ കുറച്ച് ദിവസം അങ്ങനെ മക്കയിൽ കുഞ്ഞിന് മുലപ്പാൽ കൊടുത്തും താൻ വെള്ളം കുടിച്ചും കഴിഞ്ഞു കൂടി. കൈയ്യിലുള്ള വെള്ളമെല്ലാം തീർന്നപ്പോൾ അവർ പരിഭ്രാന്തരായി. ഒരിറ്റു വെള്ളം പോലുമില്ലാതെ ഒരു ചോര പൈതലിനെയുമായി താൻ തനിച്ച്. അവർ വിഷാദിച്ചു. ഈ അവസ്ഥയിൽ അടുത്തെവിടെയെങ്കിലും വെള്ളമുണ്ടോ എന്ന് അന്വേഷിക്കാനായി കുഞ്ഞിനെ കഅ്ബ സ്ഥിതി ചെയ്യുന്നതിനടുത്തായി കിടത്തിയിട്ട് തൊട്ടടുത്തുള്ള സഫാ കുന്നിലേക്ക് അവർ പുറപ്പെട്ടു. മലഞ്ചെരുവിൽ ആരെങ്കിലുമുണ്ടോ എന്നു നോക്കി. ഫലം നിരാശ. തൽക്ഷണം സഫയിൽ നിന്ന് താഴ്വരയിലേക്ക് ഇറങ്ങി. കുപ്പായത്തിന്റെ അടിവശം മേൽപ്പോട്ട് ഉയർത്തിപ്പിടിച്ച് മർവ കുന്നിലേക്ക് പ്രവേശിച്ചു. അതിനിടെ കുറച്ചു ദൂരം അവർ വേ​ഗത കൂട്ടിയിരുന്നു. മർവ്വയിലെത്തി നാലുപാടും നോക്കി. ആരുമില്ല’

‘നിരാശയായ ഹാജറ (റ) കുടിനീരിന് വേണ്ടി വീണ്ടും സഫാ മർവ്വക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും ഏഴു തവണ പാഞ്ഞു. അതിന്റെ സ്മരണയ്ക്കാണ് സഫാ മർവ്വക്ക് ഇടയിൽ സഅ് യ് ചെയ്യുന്നത്’

‘ഏഴാം തവണ മർവ്വയിൽ വെച്ച് ഒരു അശരീരി കേട്ടു. ഉടനെ അവർ അങ്ങോട്ട് തിരിച്ചു ഇപ്രകാരം പറഞ്ഞു. നിന്നെക്കൊണ്ട് എന്തെങ്കിലും കഴിയുമെങ്കിൽ എന്നെ സഹായിക്കണം. തുടർന്ന് ഇസ്മാഈൽ (അ)നെ കിടത്തിയ ഭാ​ഗത്തേക്ക് നോക്കിയപ്പോൾ അത്യത്ഭുതകരമായ കാഴ്ച കാണുകയുണ്ടായി. കുഞ്ഞിന്റെ കാലിന്റെ അടിഭാ​ഗത്ത് നിന്ന് വെള്ളം ശീഘ്രമായി പൊട്ടിയൊഴുകുന്നു. ‘സംസം അടങ്ങുക’ ഹാജറ ബീവി (റ) വിളിച്ചു പറഞ്ഞു. അപ്രകാരമാണ് സംസം വെള്ളവും ഉത്ഭവിച്ചത്’

ഇതൊക്കെ കേട്ട ഫാത്തി അതിയായ ഉത്സാഹത്തിൽ ഉറങ്ങാൻ പോയി. പിറ്റേ ദിവസം രാവിലെ മദ്റസയിലെത്തി അവൾ കഥ പറഞ്ഞു. എല്ലാവരും അവളെ ഉറ്റു നോക്കി. എത്ര നന്നായി ആണ് അവൾ കഥ പറയുന്നത്. ഉസ്താദ് ആ സമ്മാനപ്പൊതി എല്ലാം ഭം​ഗിയായി പറഞ്ഞ അവളുടെ നേരെ നീട്ടി. അവളത് സന്തോഷത്തോടെ സ്വീകരിച്ചു. ഉസ്താദ് കഥ പറഞ്ഞ എല്ലാവർക്കും മിഠായികളും കൊടുത്തു. ദുആ ചെയ്തു.

മദ്റസ വിട്ടതിന് ശേഷം ഫാത്തി വീട്ടിലേക്ക് ധൃതിയിലോടി ഉപ്പാപ്പാക്ക് ആ സമ്മാനം നൽകി.