ഹജ്ജ്: മാനവ ഐക്യത്തിന്റെ പ്രതീകം

2023 ജൂൺ 18ന് നടന്ന മനാറുൽ ഹുദാ സാഹിത്യ സമാജത്തിൽ ഒന്നാം സമ്മാനം നേടിയ പ്രബന്ധം.

പരിശുദ്ധ ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിൽ പ്രധാനപ്പെട്ട ഒരു ആരാധനയാണ് വിശുദ്ധ ഹജ്ജ് കർമ്മം. ഇസ്ലാമിലെ മറ്റു ആരാധനകളെ അപേക്ഷിച്ച് കൂടുതൽ സാഹസം ആവശ്യമായതാണ് ഹജ്ജ്. ധനവ്യയം, മാനസിക സമർപ്പണം, ശാരീരിക ത്യാ​ഗം എന്നീ മൂന്നു വിഷയങ്ങളും ഒരുമിച്ച് വിനിയോ​ഗിക്കപ്പെടുന്ന മറ്റൊരു ആരാധനയും ഇസ്ലാമിലില്ല. മറ്റു ആരാധനകൾക്കൊന്നും പ്രഖ്യാപിക്കപ്പെടാത്ത മഹത്തായ പ്രതിഫലങ്ങളും ഹജ്ജ് കർമ്മത്തിന് ലഭിക്കുമെന്ന് പ്രമാണങ്ങളിൽ വന്നിട്ടുണ്ട്. നബി (സ്വ) തങ്ങൾ പറഞ്ഞു. 'മബ്റൂറായ ഹജ്ജിന് സ്വർ​ഗമല്ലാതെ പ്രതിഫലമില്ല. അനാവശ്യവും പാപവും കരാതെ ഹജ്ജ് നിർവ്വഹിച്ചാൽ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളിൽ നിന്ന് വിമുക്തമാകുന്നതാണ്. ഹജ്ജ് കർമ്മം അതിനു മുമ്പ് വന്നുപോയ സർവ്വ പാപങ്ങളും തകർത്ത് കളയുന്നതാണ്'.

ഹജ്ജ് യാത്രയിൽ വിശന്നവരെ ഭക്ഷിപ്പിക്കുക, സൗമ്യമായി സംസാരിക്കുക, എല്ലാ പ്രവൃത്തിയിലും അല്ലാഹുവിന് തൃപ്തിയില്ലാത്തതിനെ ഉപേക്ഷിക്കുക, പ്രശസ്തിയെ ത്യജിക്കുക, അഹംഭാവം ഇല്ലാതിരിക്കുക, സ്ത്രീഭോ​ഗം മുതലായ ശാരീരികേച്ഛകളെ വർജ്ജിക്കുക തുടങ്ങിയ സദ്ലക്ഷണങ്ങൾ സ്വീകരിച്ച ഹജ്ജാണ് മബ്റൂറായിത്തീരുക. കൂടെയുള്ള ഹാജിമാരെ എല്ലാ വിധത്തിലും സഹായിക്കുക, ലുബ്ധത ഇല്ലാതിരിക്കുക തുടങ്ങിയ സദ്ഭാവങ്ങൾ പ്രകടമാവുക.

ഇഹ്റാമിൽ നിന്നാണ് ഹജ്ജിന്റെ ആരംഭം. ഉടുക്കാൻ ഒരു തുണിയും പുതക്കാൻ ഒരു മേൽമുണ്ടും ധരിച്ചുള്ള ഒരുക്കമാണത്. നിശ്ചിത സ്ഥലത്തെത്തിയാൽ എല്ലാവരും ഈ വസ്ത്രമണിയുന്നു. പാവങ്ങളുടെയും അടിമകളുടെയും വേഷം. രക്ഷിതാവായ അല്ലാഹുവിന്റെ സന്നിധാനത്തിൽ എല്ലാവരും അടിമകളുടെ വേഷത്തിൽ ഹാജരാവണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. തന്റെ ദർബാറിലേക്ക് വരുന്നവരോട് സ്ഥാന ചിഹ്നങ്ങളെല്ലാം എടുത്തു മാറ്റി കേവലം അടിമകളായി ഹാജരാവാൻ കൽപ്പിച്ചിരിക്കുന്നു.

സമൂഹത്തിലെ ഉച്ചനീചത്വങ്ങളും വർണ-വർ​ഗ - ദേശ ഭിന്നതകളും മറച്ചു കളയുന്നു ഇഹ്റാം. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പുറപ്പെടുന്ന ഹാജിമാർ തങ്ങളുടെ ദേശീയ വസ്ത്രങ്ങളിലായിരിക്കും പുറപ്പെടുന്നത്. ഒരു നിർണിത ബിന്ദുവിലെത്തിയാൽ ഈ വേർതിരിവുകളെല്ലാം അവസാനിപ്പിച്ച് എല്ലാവരും വസ്ത്രമണിഞ്ഞ് ഒരു പാൽകടലിലെ തുള്ളികളായി മക്കയിലേക്ക് ഒഴുകുന്നു. ഒരേ മന്ത്രം ഉരുവിട്ട്, ഒരേ അല്ലാഹുവെ വാഴ്ത്തി, ഒരേ ലക്ഷ്യത്തിലേക്ക്. ഇഹ്റാമിന്റെ വസ്ത്രം ശവപ്പുടവയെ അനുസ്മരിപ്പിക്കുക വഴി മനുഷ്യ മനസ്സിൽ മരണ ചിന്ത ഉണർത്തുന്നുമുണ്ട്.

കഅ്ബാ നിർമ്മാണം പൂർത്തിയായ ശേഷം അല്ലാഹു ഇബ്റാഹിം നബിയോട് കൽപ്പിച്ചു. 'ജനങ്ങളിൽ ഹജ്ജിന് വിളംബരം ചെയ്യുക. കാൽ നടയായി വരാൻ സാധിക്കുന്നവർ അങ്ങനെ വരിക. വിദൂര സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്ത് ക്ഷീണിച്ച ഒട്ടകപ്പുറത്ത് വരാൻ സാധിക്കുന്നവർ അങ്ങനെ വരട്ടെ'. അങ്ങനെ ഇബ്റാഹിം നബി (അ)ലോകത്തോട് ഹജ്ജിന് ആഹ്വാനം ചെയ്തു. അതിന്റെ പ്രതിധ്വനിയാണ് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ജനങ്ങൾ 'ലബ്ബൈക്ക' എന്ന മുദ്രാവാക്യം മുഴക്കി പരിശുദ്ധ മക്കയിലേക്ക് പ്രവേശിക്കുന്നത്. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെല്ലാം ഇത് ആവർത്തിക്കുന്നു. അല്ലാഹു എങ്ങോട്ട്, ഏതു സമയത്ത് വിളിച്ചാലും ഹാജരാവാൻ ഒരുക്കമാണെന്ന പ്രഖ്യാപനമാണ് തൽബിയത്ത്.

അല്ലാഹുവിന്റെ ആജ്ഞ പ്രകാരം ഇബ്റാഹിം നബി (അ) ഭാര്യയെയും മകനെയും കൂട്ടി യാത്ര പുറപ്പെട്ടു. രണ്ടു പേരെയും തനിച്ചാക്കി നബി (അ) യാത്ര തിരിച്ചു. കൈയ്യിലുണ്ടായിരുന്ന ഭക്ഷണം തീർന്നപ്പോൾ ഹാജറ ബീവി മകന്റെ വിശപ്പടക്കാൻ നെട്ടോട്ടമോടി. ദാഹജലം തേടി അവർ സഫാ കുന്നിലേക്കും മർവ്വാ കുന്നിലേക്കും കയരി. അവിടെയൊന്നും ആരെയും കാണാൻ സാധിച്ചില്ല. ഈ ഓട്ട പ്രദക്ഷിണം ആവർത്തിച്ചു. ഹാജറ ബീവിയുടെ ഈ ഓട്ടത്തിന്റെ സ്മരണ പുതുക്കി കൊണ്ടാണ് ഹാജിമാർ സഫാ മർവ്വക്കിടയിൽ ഏഴ് പ്രാവശ്യം സഅ്യ് ചെയ്യുന്നത്. തന്റെ കുഞ്ഞിന്റെ ശ്വാസം നിലച്ചുവോ എന്നറിയാൻ കുഞ്ഞിനരികെ തിരിച്ചെത്തിയ ഹാജറ ബീവി അത്ഭുതപ്പെട്ടു. മകൻ കാലിട്ടടിച്ച സ്ഥലത്ത് നീരുറവ പൊട്ടിയൊഴുകുന്നു! അതാണ് 'സംസം'. ഇബ്റാഹിം നബിയും ഹാജറ ബീവിയും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെയും അർപ്പണ ബോധത്തിന്റെയും അപൂർവ്വ മാതൃകകളായിരുന്നുവെങ്കിൽ, 'സംസം' ദൈവിക സഹായത്തിന്റെ നിത്യ പ്രതീക്ഷയാണ്. നാലായിരം വർഷങ്ങൾക്ക് മുമ്പ് മക്കാ മരുഭൂമിയിൽ ഉറവയെടുത്ത ആ ജലധാര ഇന്നും വറ്റാ കിണറാണ്.

ഏക ദൈവമായ അല്ലാഹുവിനുള്ള സമ്പൂർണ്ണ സമർപ്പണവും പൈശാചികമായ സകലവിധ ദുശ്ശക്തികളിൽ നിന്നുള്ള മോചനവുമാണ് ഹജ്ജ് കർമ്മങ്ങൾ. അല്ലാഹുവിന്റെ സംപ്രീതിക്കു വേണ്ടി എല്ലാവിധ സുഖ സൗകര്യങ്ങളും ഉപേക്ഷിക്കാനും അവന്റെ മാർ​ഗത്തിൽ എന്ത് ത്യാ​ഗം സഹിക്കാനും താൻ സന്നദ്ധനാണെന്ന ബോധം ഓരോ വിശ്വാസിയിലും സംജാതമാക്കുകയാണ് അതിന്റെ ലക്ഷ്യം. വർണ - വർ​ഗ - ദേശ - ഭാഷാ വ്യത്യാസമില്ലാതെ എല്ലാ അടിമകളും വിശുദ്ധ ഭൂമിയിൽ എത്തുമ്പോൾ, ഹജ്ജ് മാനുഷിക ഐക്യത്തിന്റെ പ്രതീകമായി മാറുന്നു