ഹജ്ജ്: മാനുഷിക ഐക്യത്തിന്റെ പ്രതീകം

2023 ജൂൺ 18ന് നടന്ന മനാറുൽ ഹുദാ സാഹിത്യ സമാജത്തിൽ രണ്ടാം സമ്മാനം നേടിയ പ്രബന്ധം

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് ഹജ്ജ് കർമ്മം. ജീവിതത്തിൽ ഒരിക്കൽ മാത്രം, അതും മറ്റാരാധനകൾക്കില്ലാത്ത നിബന്ധകളോടെ നിർബന്ധമായ ആരാധനയാണ് ഹജ്ജ്. ഈ നിർബന്ധമായ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ എല്ലാവർക്കും ആ​ഗ്രഹമുണ്ടാവണം. അല്ലാഹുവിന്റെ മാർ​ഗത്തിൽ ആത്മാർത്ഥമായിട്ടുള്ള മഹനീയമായിട്ടുള്ള ഏറെ വിശുദ്ധമായ കർമ്മം എന്ന നിയ്യത്തായിരിക്കണം നമ്മുടേത്. മറ്റു ആരാധനകളെപ്പോലെയോ അതിലധികമോ ആത്മീയ ശുദ്ധിയും ശാരീരികവും മറ്റു വിധേനയുള്ള ഔന്നിത്യവും ഹജ്ജ് കർമ്മം നിദാനമായി കാണുന്നു. അന്യോന്യമുള്ള ഇടപാടുകളിൽ നിന്നെല്ലാം മുക്തമായ ഒരു നവ ജീവിതമാണ് ഹജ്ജിന്റെ പ്രധാന മൂല്യമായി കാണുന്നത്.

മാനുഷിക ബന്ധങ്ങളെയെല്ലാം ഒഴിവാക്കി വിനയാന്വിതനായി റബ്ബിന്റെ സാന്നിദ്ധ്യത്തിൽ ലയിച്ചു ചേരുന്ന ഒരു സംവിധാനം ഹജ്ജ് പോലെ ഒരു വിശ്വാസിക്ക് വേറെയില്ല. അതേ സമയം സൃഷ്ടികളോടുള്ള ബഹുമാനാദരവും മാനവ സമൂഹത്തിന്റെ ഐക്യബോധവും ഊട്ടി ഉറപ്പിക്കാനുതകുന്ന മറ്റൊരു ആരാധനയും വേറെയില്ല.

ഭൂ​ഗോളത്തിന്റെ നാനാദിക്കുകളിൽ നിന്നും ആളുകൾ മക്കയെന്നു പറയുന്ന പ്രദേശത്ത് വന്ന് നിർണ്ണിതമായ ഏതാനും ആരാധന കർമ്മങ്ങൾക്കു വേണ്ടി വിശുദ്ധ കഅബയെ ലക്ഷ്യമാക്കുന്നതാണ് ഹജ്ജ്. ശാരീരികമായും മാനസികമായും സാമ്പത്തികമായും നിയമപരമായും എല്ലാ സൗകര്യങ്ങളും ഒത്താൽ ഹജ്ജ് അവന് നിർബന്ധമാണ്. അനാവശ്യ കാര്യങ്ങളൊന്നുമില്ലാതെ ഹജ്ജ് ചെയ്തു വന്നാൽ അവന്റെ കഴിഞ്ഞ തെറ്റുകളൊക്കെ അല്ലാഹു പൊറുത്തുകൊടുക്കും എന്നാണ്.

ഹജ്ജിന് പോകുമ്പോൾ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് പുറപ്പെടേണ്ടത്. യാത്ര പുറപ്പെടും മുമ്പ് കൂട്ടുകാരോടും സഹപ്രവർത്തകരോടും ക്ഷമാപണം നടത്തുകയും പൊരുത്തം വാങ്ങുകയും വേണം. എല്ലാ ബാധ്യതകളും അവകാശങ്ങളും കൊടുത്തു വീട്ടുകയോ പൊരുത്തപ്പെടീക്കുകയോ ചെയ്യണം. അനുവദനീയമായ മാർ​ഗത്തിലൂടെ സമ്പാദിച്ച പരിശുദ്ധമായ ധനത്തിൽ നിന്ന് മാത്രമേ ഹജ്ജിന് പോകാവൂ. ഹജ്ജിന്റെ ഉദ്ധേശ്യം റബ്ബിന്റെ പ്രീതി മാത്രമായിരിക്കണം. തന്റെ ഹജ്ജിലൂടെ ഭൗതികമായ നേട്ടമോ, പ്രശസ്തി, പെരുമ മുതലായവ ഉദ്ദേശിക്കാതിരിക്കാൻ അങ്ങേയറ്റം സൂക്ഷിക്കണം. തഖ് വയും, കർമ്മ നിഷ്ടയും, മത പാണ്ഡിത്യവുമുള്ള നല്ലവരുടെ കൂടെയായിരിക്കണം ഹജ്ജിന് പോകേണ്ടത്.

ലക്ഷങ്ങളടങ്ങുന്ന ഒരു മനുഷ്യ പ്രളയത്തിൽ ചെന്ന് തന്റെ കാര്യം നോക്കി തിരിച്ചു വരുന്ന ഒന്നല്ല ഹജ്ജ്. ആത്മീയമായ ഉന്നമനത്തിനു പുറമെ, സാമൂഹികവും സാംസ്കാരികവുമായ വളർച്ചയും മുൻ​ഗാമികളായ മഹത്തുക്കൾ സഹിച്ച യാതനകളിലൂടെയും അവർ കാണിച്ച സൽപാന്ഥാവിലൂടെയുമുള്ള അനു​ഗ്രഹീത യാത്ര കൂടിയാണിത്. എത്ര കണ്ടാലും എത്ര ചെയ്താലും ആദ്യം കാണുന്ന കാഴ്ചയും അനുഭവവുമാണ് കഅ്ബയും ത്വവാഫും സമ്മാനിക്കുന്നത്. സൽസ്വഭാവവും നിസ്വാർത്ഥതയും വിനയവും ഉൾക്കൊള്ളാൻ പ്രേരിതമാകുന്നതിന് പുറമെ, പൂർവ്വ ത്യാ​ഗസ്മരണ ഉണർത്തുന്നതാണ് ഹജ്ജിലെ കർമ്മങ്ങളെല്ലാം. ഹജ്ജ് വഴി സാമൂഹിക നൻമയും നമുക്ക് കരസ്ഥമാക്കാം. വ്യക്തിപരമായി മാത്രമല്ല സാമൂഹികമായും ഉപകാരപ്പെടുന്ന ഉന്നതവും ഉദാത്തവുമായ ഇബാദത്താണ് ഹജ്ജ്. ഹജ്ജിന്റെ എല്ലാ കർമ്മങ്ങളും സാമൂഹ്യവും സുദൃഢവുമായ ഐക്യവും പ്രചോദനം ചെയ്യുന്നു. ഈയൊരു കർമ്മം മറ്റൊരു സമുദായത്തിലോ രാഷ്ട്രീയത്തിലോ ദൃശ്യമല്ലെന്ന് ഹൃദയത്തിൽ സ്ഥലം പിടിക്കുമ്പോൾ ഇസ്ലാമിന്റെ സാഹോദര്യവും ഐക്യദാർഢ്യവും ഹൃദയസ്പൃക്കായി അലതല്ലുന്നു. പരിശുദ്ധമായ ഈ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ റബ്ബ് നമ്മെ അനു​ഗ്രഹിക്കട്ടെ (ആമീൻ).