ഹാജറ ബീവിയുടെ ത്യാ​ഗം

2023 ജൂൺ 18ന് നടന്ന മനാറുൽ ഹുദാ സാഹിത്യ സമാജത്തിൽ രണ്ടാം സമ്മാനം നേടിയ കഥ

ഈജിപ്തുകാരിയായ അടിമ സ്ത്രീയായിരുന്നു ഹാജറ. സന്താനങ്ങളില്ലാത്തതിനാൽ ഭാര്യയായ സാറയുടെ നിർദ്ദേശ പ്രകാരം ഹാജറയെ ഭാര്യയായി സ്വീകരിക്കുകയായിരുന്നു ഇബ്റാഹിം നബി. അവരി‍ൽ ജനിച്ച പുത്രനാണ് ഇസ്മാഈൽ.

ഇബ്റാഹിം നബി (അ)യുടെ ഭാര്യ സാറാ ബീവിയെ ഒരിക്കൽ അക്രമിയായ രാജാവ് ആക്രമിക്കാൻ ശ്രമിച്ചു. ഭക്തയായ അവരെ അല്ലാഹു രക്ഷിച്ചു. ഇത് വെറുമൊരു സ്ത്രീയല്ലെന്ന് മനസ്സിലാക്കിയ രാജാവ് സാറാ ബീവിയോട് രക്ഷക്കായി കേണപേക്ഷിച്ചു. ബീവിയുടെ പ്രാർത്ഥനാ ഫലമായി അയാളുടെ പ്രവർത്തനരഹിതമായ കൈകൾ പൂർവ്വസ്ഥിതിയിലായി.

തന്നെ രക്ഷിച്ചതിന് സമ്മാനമായി തനിക്കേറ്റവും ഇഷ്ടപ്പെട്ട വിശ്വസ്തയായ ഹാജറ എന്ന അടിമയെ സാറാ ബീവിക്ക് നൽകി രാജാവ് യാത്രയാക്കി. അങ്ങനെയാണ് ഹാജറ ബീവി ഇബ്റാഹിം നബിയുടെ അടുക്കലേക്കെത്തുന്നത്.

സാറാ ബീവി - ഇബ്റാഹിം (അ) ദമ്പതിമാർക്ക് അന്ന് സന്താനങ്ങൾ പിറന്നിരുന്നില്ല. അവർ ഭർത്താവിനോട്, തനിക്ക് ലഭിച്ച ഹാജറ എന്ന അടിമയെ വിവാഹം ചെയ്യാൻ നിർദ്ദേശിച്ചു. അങ്ങനെ അവർ പ്രവാചകൻ ഇബ്റാഹിമിന്റെ പത്നിയുമായി.

ജലശൂന്യമായിരുന്നു, പിന്നെ ഫലശൂന്യവുമായിരുന്നു മരുപ്രദേശമായിരുന്ന മക്ക. അതിനാൽ തന്നെ ജനശൂന്യമായിരുന്നു. ഇബ്റാഹിം നബി (അ) അല്ലാഹുവിന്റെ കൽപന പ്രകാരം തന്റെ പത്നിയൊയും പിഞ്ചോമനയെയും ആ മരുഭൂവിൽ ഉപേക്ഷിച്ച് പ്രബോധന പ്രവർത്തനങ്ങൾക്കായി തിരിക്കാനുദ്ദേശിച്ചു. ഉടൻ പത്നി വിളിച്ചു.

'അല്ലയോ ഇബ്റാഹിം, വീട്ടുകാരോ കൂട്ടുകാരോ ഇല്ലാത്ത ഈ മരുഭൂമിയിൽ ഞങ്ങളെ തനിച്ചാക്കി എങ്ങോട്ടാണ് താങ്കൾ പോകുന്നത്?'

ഇബ്റാഹിം പ്രിയതമയുടെ വിളിക്കുത്തരം നൽകിയില്ല. കാരണം, അല്ലാഹുവിന്റെ വാ​ഗ്ദാനം നിറവേറ്റപ്പെടുക തന്നെ ചെയ്യും എന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു.

അല്ലാഹുവിന്റെ കൽപനയാണെങ്കിൽ അതിൽ നിന്ന് തടയുക സാധ്യമല്ല എന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അവൾ ചോദിച്ചു.

'അല്ലാഹുവിന്റെ കൽപ്പനയാണോ ഇത്?'

പ്രിയതമൻ 'അതെ; എന്ന് പ്രതിവദിച്ചു യാത്രയായി.

അല്ലാഹുവിന്റെ സഹായത്തിലെ ഉറച്ച വിശ്വാസം ഹാജറ അല്ലാഹുവിന്റെ വാ​ഗ്ദാനം സത്യസന്ധമായി പുലരുമെന്ന് തിരിച്ചറിഞ്ഞു. അല്ലാഹുവനുസരണത്തിൽ തന്റെ ഭർത്താവിന് തുണയേകാൻ എങ്ങനെ തനിക്ക് സാധിക്കും എന്നതിനെക്കുറിച്ച് അവൾ ചിന്തിച്ചുകൊണ്ടേയിരുന്നു.

വാക്കുകളിടറാതെയും മനസ്സ് ചഞ്ചലമാവാതെയും അവൾ പറഞ്ഞു. അല്ലാഹു നമ്മെ വെറുതെ വിടുകയില്ല.

ഇബ്റാഹിം ഇരു കൈകളുമുയർത്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചു. 'ഞങ്ങളുടെ നാഥാ! എന്റെ മക്കളെ കൃഷിയില്ലാത്ത ഈ താഴ്വരയിൽ, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാൻ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങലുടെ നാഥാ! അവർ നമസ്കാരം നിഷ്ഠയോടെ നിർവഹിക്കാനാണത്. അതിനാൽ നീ ജന മനസ്സുകളിൽ അവരോട് അടുപ്പമുണ്ടാക്കേണമേ. അവർക്ക് ആഹാരമായി കായ്കനികൾ നൽകേണമേ..'

കുടിവെള്ളവും മറ്റും പാഥേയവുമെല്ലാം തീർന്നു. പിഞ്ചു പൈതലിന്റെ പൈദാഹമകറ്റാൻ കുടിനീര് എവിടേയും കാണുന്നില്ല. ഉമ്മയുടെ മാറിടത്തിൽ നിന്നും പാല് ചുരത്തുന്നുമില്ല. കുട്ടി ദാഹം ശമിക്കാതെ അട്ടഹസിക്കാൻ തുടങ്ങി. വാത്സല്യ നിധിയായ ഒരുമ്മയുടെ വിങ്ങുന്ന ഹൃദയവുമായി മലമടക്കുകൾക്കിടയിലൂടെ വെള്ളമന്വേഷിച്ച് അവൾ ഓടി. അവളേയും തന്റെ പിഞ്ചോമനയേെയും രക്ഷിക്കാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടു സഫാ കുന്നിൻമുകളിലേക്ക് ഹാജറ ഓടി.

വല്ല ഭക്ഷണ പാനീയങ്ങളും അവിടെയുണ്ടോ എന്നും അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷെ, രക്ഷയില്ല. വേ​ഗത്തിൽ തന്നെ മലയിറങ്ങി മർവ്വയിലേക്ക് കുതിച്ചു. ഏഴ് പ്രാവശ്യം ഇപ്രകാരം സഫാ മർവ്വക്കിടയിൽ അവൾ കയറിയിറങ്ങി.

പരിക്ഷീണിതയായി നിരാശയോടെ അവൾ തന്റെ കുഞ്ഞിനരികിലേക്ക് തിരിച്ചു. പ്രപഞ്ചനാഥൻ ജിബ് രീൽ (അ)നെ കുഞ്ഞിന്റെയരികിലേക്ക് അയച്ചു. കുഞ്ഞിന്റെ പാദമുദ്രയേറ്റ സ്ഥലത്ത് ചിറക് കൊണ്ട് അടിക്കുകയും അവിടെ നിന്നും ഉറവ പൊട്ടിയൊഴുകുകയും ചെയ്തു. ഇതുകണ്ട ഉമ്മ അല്ലാഹുവിനെ സ്തുതിച്ചു വെള്ളത്തിനരികിലേക്ക് കുതിച്ചു ചെന്നു.

അവൾ വെള്ളമെടുത്ത് തന്റെ കരളിന്റെ കഷ്ണമായ മകന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പകർന്നു നൽകി. അവളായിരുന്നു ഇബ്റാഹിം നബിയുടെ പ്രിയ പത്നിയും ഇസ്മാഈൽ നബി (അ)യുടെ വാത്സല്യനിഥിയായ മാതാവുമായ മഹതി ഹാജറ. സ്വന്തം മകനെ അല്ലാഹുവിന്റെ കൽപ്പന പ്രകാരം അറുക്കാൻ പറഞ്ഞപ്പോൾ സമ്മതിച്ച, വിതുമ്പുന്ന മനസ്സുമായി അല്ലാഹുവിനോട് അടുത്തവൾ. ഇതാണ് അനുസരണശീലയായ ബാര്യയുടെ സുന്ദരമായ മാതൃകകൾ പകർന്നു നൽകിയ, അദ്നാനികളുടെയും അറബികളുടെയും ഇസ്മാഈലിന്റെയും മാതാവായ ഹാജറ (റ).

വാത്സല്യനിധിയായ ഉമ്മ, വിശ്വാസദാർഢ്യമായ മഹതി, ആത്മാർത്ഥതയുടെ പ്രതീകം, ഭർത്താവിന്റെ അഭാവത്തിൽ സന്താനത്തെ പരിപാലിക്കുകയും നിർഭയത്വം നൽകുകയും ചെയ്ത ധീരവനിത എന്നീ നിലയിലെല്ലാം ചരിത്രത്തിൽ തന്റെ ഇടം കണ്ടെത്തിയ മഹതിയായ ഹാജറയുടെ ത്യാ​ഗങ്ങൾ.